ആറ്റുകാൽ ദേവി ഐതീഹ്യം
ഐതിഹ്യം
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകിൽ കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു. തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: "നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും." പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ വാഴുന്ന സർവേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.
കൂടാതെ സ്‌ത്രീയുടെ പൊങ്കാലസമർപ്പണം തന്റെ ഭർത്താവായ പിനാകിയെ ലഭിക്കാൻ ദാക്ഷായണി നടത്തിയ തപസ്സിനോടും താരതമ്യം ചെയ്യാം. സൂര്യന് അഭിമുഖമായി നിന്ന് സൂര്യതാപം ഏറ്റുകൊണ്ട് വായു മാത്രം ഭക്ഷിച്ച് ഒറ്റക്കാലിൽ പഞ്ചാഗ്നി മധ്യത്തിൽ തപസ് അനുഷ്‌ഠിച്ച ശ്രീപാർവതി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയിൽ തുടർന്നുവെന്നാണ് പുരാണങ്ങൾ പറയുന്നത്.
വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ "ശൂലം, അസി, ഫലകം, കങ്കാളം" എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.ദാരികവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്‌ത്രീജനങ്ങൾ പൊങ്കാലനിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. നിരപരാധിയായ സ്വന്തം ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്നിയിൽ മധുരാനഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു എന്നാണ് ഐതിഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്.
അന്നപൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ ആഗ്രഹസാഫല്യം കൈവരിക്കാൻ വേണ്ടിയാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നതെന്നാണ് മറ്റൊരു സങ്കല്‌പം.
😊
ReplyDelete